കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈയിടെ വന്ന റിപ്പോർട്ട് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ പോക്സോ കേസുകളിൽ 2017നും 2022നും ഇടയിൽ 94 ശതമാനം വർധനയുണ്ടായെന്നാണ് ‘ദ ചൈൽഡ് ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ കണക്ക്. കൂടാതെ, നിർമിതബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ 2023-24 വർഷത്തിനിടെ 1,325 ശതമാനമാണു വർധനയെന്ന ഞെട്ടിക്കുന്ന കണക്കും അവർ പുറത്തുവിടുന്നു.
കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്നു സംരക്ഷിക്കുന്നതിനായി 2012ൽ നിലവിൽ വന്ന പോക്സോ നിയമത്തിന്റെ ഒരു ദശാബ്ദത്തിലേറെയുള്ള പ്രവർത്തനത്തിൽ സുപ്രധാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നിയമത്തിലെ ശിശുസൗഹൃദ വ്യവസ്ഥകൾ ശരിയായി നടപ്പാക്കിയാൽ മികച്ച ഫലങ്ങൾ കൈവരിക്കാനാകുന്നതാണ്. 2014 മുതൽ 2024 വരെയുള്ള കാലയളവിലെ വിശദമായ കണക്കുകൾ പ്രകാരം ഇന്ത്യയിലാകമാനവും കേരളത്തിലും പോക്സോ കേസുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർഷാവർഷം വർധനയുണ്ടാകുന്നത് സാമൂഹിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്. ദേശീയതലത്തിൽ പ്രതിവർഷം 47,000-ത്തിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. കേരളം ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഈ സങ്കീർണമായ സാമൂഹിക പ്രശ്നത്തിന്റെ യഥാർഥ അളവുകളും നിലവിലെ സഹായസംവിധാനങ്ങളുടെ ഫലപ്രാപ്തിയും വിശകലനം ചെയ്യുന്നത് അതീവ പ്രധാനമാണ്.
ശിശുസൗഹൃദ നീതിന്യായ വ്യവസ്ഥയുടെ ആവശ്യകത
പോക്സോ നിയമത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വശം, അതു കുട്ടികൾക്ക് സൗഹൃദപരമായ നീതിന്യായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വിപുലമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു എന്നതാണ്. പോക്സോ ആക്ട് സെക്ഷൻ 28 അനുസരിച്ച് പോക്സോ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ കോടതികൾ സാധാരണ കോടതികളിൽനിന്ന് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സെക്ഷൻ 33(4) പ്രകാരം കുട്ടിയുടെ വിശ്വസ്തരായ കുടുംബാംഗങ്ങൾ, രക്ഷിതാക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ കോടതിയിൽ സന്നിഹിതരാകാൻ അനുവദിക്കുന്നു. ഇത് കുട്ടിയുടെ മാനസിക സ്വസ്ഥതയ്ക്ക് അത്യന്താപേക്ഷിതമാണ്.
പോക്സോ നിയമത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, അതു ലിംഗ നിഷ്പക്ഷമായ സമീപനം സ്വീകരിക്കുന്നു എന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ നഷ്ടപരിഹാരവും സംരക്ഷണവും ലഭ്യമാണ്. പോക്സോ നിയമാവലി 2020ലെ നിയമം 9 പ്രകാരം സവിശേഷ കോടതികൾക്ക് ഉചിതമായ കേസുകളിൽ സ്വന്തമായോ കുട്ടിയുടെ പേരിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലോ എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ഏതു ഘട്ടത്തിലും കുട്ടിയുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇടക്കാല നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.
പ്രായോഗിക നടത്തിപ്പ്
കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ വെറും കടലാസിൽ മാത്രം ഒതുങ്ങിനിൽക്കാതെ പ്രായോഗികമായി നടപ്പാക്കണം. ഇതിനായി കോടതികൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. കോടതികളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വർണാഭമായ ചിത്രങ്ങൾ, സുഖകരമായ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കണം. വിചാരണമുറികൾ, കുട്ടികൾക്കു ഭയം തോന്നാത്ത വിധത്തിൽ രൂപകല്പന ചെയ്യണം. കോടതിയിലെ എല്ലാ ഉദ്യോഗസ്ഥരും കുട്ടികളുമായി ഇടപെടുന്നതിൽ പരിശീലനം നേടിയിരിക്കണം.
ന്യായാധിപന്മാർ, വക്കീലുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അതിനനുസരിച്ച് പെരുമാറണം. കുട്ടികളുമായി സംസാരിക്കുമ്പോൾ ലളിതവും മനസിലാക്കാൻ എളുപ്പമുള്ളതുമായ ഭാഷ ഉപയോഗിക്കണം. സങ്കീർണമായ നിയമപദങ്ങൾ ഒഴിവാക്കി കുട്ടികൾക്കു മനസിലാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം.
വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത് കുട്ടികളുടെ മാനസികസമ്മർദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കുട്ടികൾക്കു പരിചിതമായ അന്തരീക്ഷത്തിൽനിന്നുതന്നെ സാക്ഷ്യം നൽകാൻ കഴിയുമ്പോൾ അവരുടെ ആത്മവിശ്വാസം വർധിക്കുകയും സത്യസന്ധമായ മൊഴി നൽകാൻ കഴിയുകയും ചെയ്യുന്നു. ഇതിനായി എല്ലാ ജില്ലകളിലും ആധുനിക വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ ഏർപ്പാടാക്കണം.
മാനസികാരോഗ്യ സേവനങ്ങളുടെ പ്രാധാന്യം
പോക്സോ കേസുകളിലെ ഇരകളായ കുട്ടികൾക്ക് മാനസികാരോഗ്യ സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികൾ ഗുരുതരമായ മാനസികാഘാതം അനുഭവിക്കുന്നു. ഇത് അവരുടെ വ്യക്തിത്വ വികാസത്തെയും ഭാവിജീവിതത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ തന്നെ ഈ കുട്ടികൾക്കു പ്രൊഫഷണൽ കൗൺസലിംഗ് സേവനങ്ങൾ ലഭ്യമാക്കണം.
ശിശു മനോരോഗ വിദഗ്ധർ, സോഷ്യൽ വർക്കർമാർ എന്നിവരുടെ സേവനം എല്ലാ ജില്ലകളിലും ഫലപ്രദമായി നടപ്പാക്കണം. ഈ പ്രൊഫഷണലുകൾ കുട്ടികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നേടിയിരിക്കണം. കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തി അതിനനുസരിച്ച് ചികിത്സാപദ്ധതി തയാറാക്കണം. കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് ആവശ്യമാണ്; കാരണം, അവരും ഈ സംഭവത്താൽ ബാധിക്കപ്പെടുന്നു.
കട്ടികളുടെ പുനരധിവാസത്തിനു ദീർഘകാല പദ്ധതികൾ ആവശ്യമാണ്. അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് പ്രത്യേക സഹായം നൽകണം. അധ്യാപകരെയും സഹപാഠികളെയും കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. വൈദഗ്ധ്യ വികസന പരിപാടികളിലൂടെ ഈ കുട്ടിക